Home

സങ്കീർത്തനങ്ങൾ 52

Text
Width

1വീരാ, നീ ദുഷ്ടതയിൽ പ്രശംസിക്കുന്നതെന്തു?
ദൈവത്തിന്റെ ദയ നിരന്തരമാകുന്നു.

2ചതിവു ചെയ്യുന്നവനെ, മൂർച്ചയുള്ള ക്ഷൗരക്കത്തിപോലെ
നിന്റെ നാവു ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു.

3നീ നന്മയെക്കാൾ തിന്മയെയും
നീതിയെ സംസാരിക്കുന്നതിനെക്കാൾ വ്യാജത്തെയും ഇഷ്ടപ്പെടുന്നു. സേലാ.

4നീ വഞ്ചനനാവും
നാശകരമായ വാക്കുകളൊക്കെയും ഇഷ്ടപ്പെടുന്നു.

5ദൈവം നിന്നെയും എന്നേക്കും നശിപ്പിക്കും;
നിന്റെ കൂടാരത്തിൽനിന്നു അവൻ നിന്നെ പറിച്ചുകളയും.
ജീവനുള്ളവരുടെ ദേശത്തുനിന്നു നിന്നെ നിർമ്മൂലമാക്കും. സേലാ.

6നീതിമാന്മാർ കണ്ടു ഭയപ്പെടും;
അവർ അവനെച്ചൊല്ലി ചിരിക്കും.

7ദൈവത്തെ തന്റെ ശരണമാക്കാതെ
തന്റെ ദ്രവ്യസമൃദ്ധിയിൽ ആശ്രയിക്കയും
ദുഷ്ടതയിൽ തന്നേത്താൻ ഉറപ്പിക്കയും ചെയ്ത മനുഷ്യൻ അതാ എന്നു പറയും,

8ഞാനോ, ദൈവത്തിന്റെ ആലയത്തിങ്കൽ തഴെച്ചിരിക്കുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു;
ഞാൻ ദൈവത്തിന്റെ ദയയിൽ എന്നും എന്നേക്കും ആശ്രയിക്കുന്നു.

9നീ അതു ചെയ്തിരിക്കകൊണ്ടു ഞാൻ നിനക്കു എന്നും സ്തോത്രം ചെയ്യും;
ഞാൻ നിന്റെ നാമത്തിൽ പ്രത്യാശവെക്കും;
നിന്റെ ഭക്തന്മാരുടെ മുമ്പാകെ അതു നല്ലതല്ലോ.